ഹൈ ഹീല്‍ഡിന്റെ ദോഷവും ‘ഹൈ’
ഒ.കെ.മുരളീകൃഷ്ണന്
ഫാഷന്റെ ഭാഗമായി സ്ത്രീകള്‍ ഹൈ ഹീല്‍ഡ് ചെരിപ്പുകള്‍ ഉപയോഗിക്കുന്നത് ഇന്ന് സാധാരണമാണ്.നടുവേദനയും കാല്‍വേദനയുമായി ഡോക്ടര്‍മാരെ സമീപിക്കുമ്പോഴാണ് ഇത്തരം ചെരിപ്പുകളുടെ ഉപയോഗമാണ് കാരണമെന്ന് തിരിച്ചറിയുന്നത്.അമേരിക്കയിലെ ബെത്തീസ്ഡയില് പാദരോഗ വിഗ്ധനായ മൈക്കല്‍ ലീബോ കാലിന്റെ എക്സ്-റേ വിശകലനം ചെയ്ത് നടത്തിയ പഠനം ഹൈഹീല്‍ഡ് ചെരിപ്പുകളുണ്ടാക്കുന്ന ആരോഗ്യപ്രശ്നം വിശദീകരി്ക്കുന്നു.
ഒരേ നിരപ്പില്‍ പാദമുറപ്പിച്ച് നടക്കാനായുള്ള ഘടനയാണ് മനുഷ്യന്റെ കാലുകള്ക്കുള്ളത.് നടക്കുമ്പോള്‍ ഉപ്പൂറ്റിയുള്ള ഭാഗം 60 ഡിഗ്രിവരെ ഉയരുമെന്ന് മാത്രം.എന്നാല്‍ ഹൈഹീല്‍ഡ് ചെരിപ്പ് ധരിക്കുമ്പോള്‍ കാലിന്റെ സ്വാഭാവിക നില നമ്മള് മാറ്റുകയാണ്.ഇത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും മൈക്കല്‍ പറയുന്നു.
ഹൈഹീല്‍ഡ് ചെരിപ്പുകള്‍ ധരിക്കുമ്പോള്‍ കാലിനുണ്ടാകുന്ന പ്രധാനപ്പെട്ട ആറ് പ്രശ്നങ്ങള്‍ മൈക്കല്‍ ലീബോ എക്സ് റേ ചിത്രത്തിന്റെ സഹായത്തോടെ വിശദീകരിക്കുന്നു(ചിത്രത്തില്‍ അക്കം അടയാളപ്പെടുത്തിയത് ശ്രദ്ധിക്കുക):
1.ഉയര്‍ന്ന മടമ്പുള്ള ചെരിപ്പുകള്‍ ശരീരഭാരം തുല്യമല്ലാതെ കാലില്‍ വിതരണം ചെയ്യുന്നു.ഇത് പാദത്തിലെ സന്ധികളില്‍ വേദനയുണ്ടാക്കും.
2.നടക്കുമ്പോള്‍ സമതുലനം നഷ്ടപ്പെടുന്നത് ആയാസമുണ്ടാക്കും.വീഴാനുള്ള സാധ്യത കൂടുതല്‍.വീഴുന്നപക്ഷം നെരിയാണിയില്‍ പൊട്ടലുണ്ടാകും.
3.ഇത്തരം ചെരിപ്പുകളുടെ സ്ട്രാപ്പ് ഉപ്പൂറ്റിയില്‍ മര്ദമേല്പ്പിക്കും.ഇത് ഉപ്പൂറ്റിയില്‍ എല്ലുവളര്‍ച്ചയുണ്ടാക്കാന്‍ കാരണമായേക്കും.
4.ഹൈഹീല്‍ഡ് ചെരിപ്പ് ഉപയോഗിക്കുമ്പോള്‍ ഉപ്പൂറ്റി ഉയര്‍ന്നും മുന്‍പാദം താഴ്ന്നും നില്ക്കുന്നതിനാല് കണങ്കാല് ഞരമ്പ് മുറുകി നില്ക്കും.ഇത് കാല്കഴപ്പിന് കാരണമാകും.
5. ഉയര്‍ന്ന മടമ്പിനനുസരിച്ച് സ്വയം പരുവപ്പെടുന്നതിനാല്‍ കണങ്കാലിലെ പേശികള്‍ ചുരുങ്ങിയും മുറുകിയുമിരിക്കും. കാല് വേദനയ്ക്ക് ഇത് കാരണമാകും.
6.പാദത്തിന്റെ അസ്വാഭാവികമായ നില കാരണം നടക്കുമ്പോള്‍ മുട്ടിന് അധിക മര്‍ദമുണ്ടാകും.ഇത് സ്ത്രീകളില്‍ മുട്ട് തേയ്മാനത്തിന് കാരണമാകും.ഹൈഹീല്‍ഡ് ചെരിപ്പ് ധരിക്കുന്ന സ്ത്രീകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് രോഗസാധ്യത 26ശതമാനം കൂടുതലാണെന്ന് ഒരു പഠനം വ്യക്തമാക്കുന്നു.
ഇനി തീരുമാനിക്കാം, സൗന്ദര്യമാണോ ആരോഗ്യമാണോ നിങ്ങളുടെ മുഖ്യപരിഗണനയെന്ന്.
 Sarang
										Sarang