ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന നൂറു നൂറു പ്രശ്നങ്ങൾ ഏറ്റവും അധികം ബാധിക്കുന്നത് ബഹുഭൂരിഭാഗമായ സാധാരണക്കാരെയാണ്. ഈ പ്രശ്നങ്ങൾക്കു പരിഹാരം നിർദ്ദേശിക്കുന്ന വിദഗ്ധരും, മറ്റു തല്പര കക്ഷികളും സ്വന്തം നിലനില്പിനാണ് പ്രാധാന്യം കൊടുക്കാറ്. അതുകൊണ്ടു തന്നെ നിലനിൽക്കുന്നതും കയ്യിലൊതുങ്ങുന്നതുമായ സാങ്കേതികവിദ്യകളും പ്രശ്നപരിഹാരങ്ങളും നമ്മുടെ നാട്ടിൽ വിരളമാണ്. സാരംഗിൽ സാധാരണക്കാരനു വേണ്ടിയുള്ള പരീക്ഷണങ്ങളാണ് നടന്നിട്ടുള്ളതും ഇനി നടക്കാനിരിക്കുന്നതും. ഇവിടെ മഹാൽഭുതങ്ങളൊന്നുമില്ല. ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന കാര്യങ്ങളേ ചെയ്യാവൂ എന്നു ഞങ്ങൾക്കു നിർബന്ധമുണ്ട്. നമ്മൾ സാരംഗിൽ ചെയ്തു വരുന്ന കൃഷി, നീർമറി സംരക്ഷണം, മണ്ണിന്റെയും വനത്തിന്റെയും ജലസ്രോതസ്സിന്റെയും മറ്റു പുനരുജ്ജീവനം, വിദ്യാഭ്യാസം എന്നിവയിലൊക്കെ ഈ ലാളിത്യമുണ്ട്.

സാരംഗിനെപ്പറ്റി
സർക്കാർ പള്ളിക്കൂടത്തിലെ വിദ്യാർത്ഥികൾക്ക് ‘റെമഡിയൽ ക്ലാസ്സുകൾ’ നടത്താൻ തുടങ്ങിയ സാരംഗ് ബേസിക് സ്കൂൾ ഇന്ന് വളർന്നു വരുന്ന ഒരു ഗ്രാമീണ സർവകലാശാലയായിരിക്കുന്നു. സാധാരണക്കാരനു വേണ്ട ആരോഗ്യ, സാങ്കേതിക, വിദ്യാഭ്യാസ, രാഷ്ടീയ, കൃഷി മേഖലകളിൽ പരിഹാരങ്ങൾ കണ്ടെത്തുകയെന്നതാണ് ഈ സർവകലാശാലയുടെ പ്രധാന ലക്ഷ്യം. ഒപ്പം, കണ്ടെത്തുന്ന പരിഹാരമാർഗ്ഗങ്ങൾ അടുത്ത തലമുറയ്ക്ക് കൈമാറുകയും വേണം.

[spoiler show=”സാരംഗ് ഇപ്പോൾ എവിടെയാണ് ?”] പാലക്കാടു ജില്ലയിലെ അട്ടപ്പാടിയിൽ.
1983 മുതൽ നമ്മുടെ എല്ലാ പരീക്ഷണങ്ങളും നടന്നതിവിടെയാണ്. സാരംഗിന്റെ രണ്ടാം തലമുറയായ ഗൗതമും, ഭാര്യ അനുരാധയും അവരുടെ രണ്ടു മക്കളും ആണിവിടെയുള്ളത്.

നിലവിലുള്ള വിദ്യാർത്ഥികളുടെ കലാ-കായിക പരിശീലനത്തിനു വേണ്ടി ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും അവരുടെ ഇളയ മക്കളും സാരംഗിന്റെ വിദ്യാഭ്യാസരീതികളിൽ താത്പര്യമുള്ള  ചില രക്ഷിതാക്കളുടെ  മക്കളും കേരളത്തിലെ പല സ്ഥലങ്ങളിൽ താമസിച്ചു പഠിച്ചിരുന്നു.  ചാലക്കുടി, ആറന്മുള, പത്തിരിപ്പാല കോങ്ങാട് എന്നിവിടങ്ങളിലായിരുന്നു ഈ താത്ക്കാലിക-വിദൂര കാമ്പസ്സുകൾ.  ഈ കാലയളവിൽ കുറേ വിദ്യാർത്ഥികൾ ഇവരുടെ കൂടെ ചേരുകയും, പൊഴിഞ്ഞു പോവുകയും ചെയ്തു. അങ്ങിനെ വന്നു ചേർന്ന കുട്ടികളിൽ രണ്ടു പേരാണ് നിലവിൽ സാരംഗിൽ ഉള്ളത്.  2016 ജൂലായിൽ കോങ്ങാട്ടെ താത്ക്കാലിക കാമ്പസ്സിൽ നിന്നും എല്ലാവരും തിരികെ അട്ടപ്പാടിയിലെത്തി. 
[/spoiler] [spoiler show=”സാരംഗ് മോഡൽ പരിഹാരം എന്നൊന്നുണ്ടോ ?”] വ്യക്തമായി പറയട്ടെ, അങ്ങിനെ ഒന്നില്ല. തന്നെയുമല്ല സാരംഗ് ഒരു ‘ബ്രാൻഡ്’ ആകാൻ ഉദ്ദേശിച്ചുള്ള ഒന്നല്ല. എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാവുക എന്ന ലക്ഷ്യത്തോടെ നൂറ്റാണ്ടുകളായി പലരും സാധാരണക്കാരന്റെ പക്ഷത്തു നിന്ന് പരിഹാരങ്ങൾ തേടുകയും, പരാജയപ്പെടുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. നമ്മളുടേയും ഉദ്ദ്യേശ്യം മറ്റൊന്നല്ല. ആരൊക്കെയോ എവിടെയൊക്കെയോ തുടങ്ങി വച്ച പ്രവർത്തനങ്ങളുടെ തുടർച്ച മാത്രമാണ് സാരംഗ്. നമ്മുടെ വിവേകവും അനുഭവവും വച്ച് നിലനിൽക്കുന്ന പരിഹാരങ്ങൾ കണ്ടെത്താനുള്ള ശ്രമം. മനുഷ്യരാശിയുടെ ചരിത്രം തന്നെ ഇത്തരം പരിഹാരം തേടലല്ലെ?അപ്പോൾ സാരംഗ് സ്വന്തമായി വികസിപ്പിച്ച ഒന്നുമില്ലെന്നാണോ ?
അല്ല. സ്വന്തമായി വികസിപ്പിച്ച ഒരു കൃഷിരീതി, നീർമറി വികസനം തുടങ്ങി ജീവിതത്തെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പാഠ്യപദ്ധതി വരെ നമുക്കുണ്ട്. എന്നാൽ പ്രാദേശികമായ അറിവുകളേയും സാങ്കേതിക വിദ്യകളേയും നമ്മളുടെ യുക്തിക്കനുസരിച്ച് നമ്മുടെ അറിവും അനുഭവങ്ങളും വച്ച് കോർത്തിണക്കിയാണ് ഇതോരോന്നും സാധിച്ചിട്ടുള്ളത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഈ മണ്ണിൽ ചിതറിക്കിടന്ന പരിഹാര മാർഗ്ഗങ്ങൾ കൂട്ടി യോജിപ്പിക്കുക മാത്രമാണ് സാരംഗ് ചെയ്തത്. അതാർക്കും ചെയ്യാവുന്നതുമാണ്. മറ്റു മൃഗങ്ങളിൽ നിന്ന് നമ്മെ വ്യത്യസ്തരാക്കുന്നത് ഈ കഴിവല്ലെ ? മറ്റുള്ളവർ കണ്ടെത്തിയ പരിഹാരമാർഗ്ഗങ്ങൾ നിത്യജീവിതത്തിൽ നടപ്പിലാക്കാനും നമ്മൾ ശ്രമിക്കാറുണ്ട്. അതിനൊരുദാഹരണമാണ് ഞങ്ങൾ വർഷങ്ങളായി ഉപയോഗിക്കുന്ന ‘നാദാ ചൂള’ എന്ന പുകയില്ലാത്ത അടുപ്പ്. ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ ഒരു സംഘടനയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്തതാണ് ഈ അടുപ്പ്. നമ്മൾ കാരണം ഇന്ന് പലരും ഈ അടുപ്പ് ഉപയോഗിക്കുന്നുണ്ട്. ഞങ്ങൾ ഇവിടെ ചെയ്ത ഏതൊരു കാര്യവും മനസ്സു വച്ചാൽ ഒരു സാധാരണക്കാരനു ചെയ്യാവുന്നതേയുള്ളു. 
[/spoiler] [spoiler show=”എന്തൊക്കെയാണ് സാരംഗ് ഇത്ര കാലം കൊണ്ടുണ്ടാക്കിയ നേട്ടങ്ങൾ ?”] ചോദ്യം ഒരു ലാഭ – നഷ്ട കാഴ്ച്ചപ്പാടിൽ നിന്നാകാതിരിക്കട്ടെ എന്നാശിച്ചു കൊണ്ട് ചില ഉദാഹരണങ്ങൾ നൽകട്ടെ.1. തരിശായിക്കിടന്ന കുറച്ചു മണ്ണ് ഒന്നാന്തരം കൃഷിഭൂമിയാക്കിയെടുത്തു.
2. ഏതു മലഞ്ചെരിവിലും മണ്ണൊലിപ്പില്ലാതെ കൃഷി ചെയ്യാവുന്ന ഒരു രീതി വികസിപ്പിച്ചെടുത്തു.
3. ഉണങ്ങി വരണ്ടു കിടന്ന ഒരു നീർമറിയെ കാട്ടുതീയിൽ നിന്നും ആടുമാടുകളിൽ നിന്നും സംരക്ഷിക്കുക വഴി പ്രകൃതിദത്തമായ കാടു വളരാൻ സഹായിച്ചു.
4. അങ്ങിനെയുണ്ടായ കാട്ടിൽ പെയ്യുന്ന മഴവെള്ളം പരമാവധി മണ്ണിൽ താഴാൻ നീർക്കുഴികളും മണ്ണും മുളയുമുപയോഗിച്ച് തടയണകളും നിർമ്മിച്ചു.
5. ഈ ലളിതമായ പ്രവർത്തനങ്ങളുടെ ഫലമായി 1983ൽ വറ്റിപ്പോയ ഒരു നീർച്ചാൽ പുനരുജ്ജീവിച്ചു.
6. മേൽപ്പറഞ്ഞ രീതികൾ ഭാരതത്തിനകത്തും പുറത്തുമുള്ളവർ മാതൃകയാക്കി
7. കുടിക്കാനും കന്നുകാലികൾക്കു കൊടുക്കാനും വെള്ളമില്ലാതെ ഈ പ്രദേശം വിട്ടു പോയ കുടുംബങ്ങൾ തിരികെ വന്ന് അവരുടെ ജീവിതം പച്ച പിടിപ്പിച്ചു. ചില പുതിയ കുടുംബങ്ങളും ഈ ജലസ്രോതസ്സിന്റെ കരകളിൽ വന്നു ചേർന്നു.
8. ഇതു പോലെ ലളിതവും, നമുക്കും വരും തലമുറയ്ക്കും പ്രയോജനപ്രദവുമായ പരിഹാരമാർഗ്ഗങ്ങൾ ഉൾപ്പെട്ട, നമുക്കൊക്കെ താങ്ങ് ആവുകയും താങ്ങാൻ കഴിയുന്നതുമായ ഒരു വിദ്യാഭ്യാസ രീതി രൂപപ്പെടുത്താനും അത് പരീക്ഷിച്ച് വിജയിപ്പിക്കാനും സാധിച്ചു
പല തരം സസ്യങ്ങളും ജന്തുക്കളും ഇവിടെ വീണ്ടും പ്രത്യക്ഷപ്പെട്ടതും, പല സർക്കാർ, സർക്കാർ ഇതര സംഘടനകളും നമ്മൾ പരീക്ഷിച്ചു വിജയിപ്പിച്ച രീതികൾ പിന്തുടരാൻ തുടങ്ങിയതുമെല്ലാം ‘നേട്ടങ്ങൾ’ ആയല്ല, പകരം നല്ല മാറ്റങ്ങളായാണ് ഞങ്ങൾ കണക്കാക്കുന്നത്. ആ മാറ്റങ്ങൾക്ക് കാരണമാകാൻ കഴിഞ്ഞതിലാണ് ഞങ്ങൾക്ക് സന്തോഷം. 

[/spoiler] [spoiler show=”എന്താണ് സാരംഗിന്റെ പാഠ്യപദ്ധതിയുടെ കാതൽ ?”] ജീവിക്കുക ജീവിക്കാൻ അനുവദിക്കുക എന്നതാണ് അതിന്റെ കാതൽ.നമ്മളിന്നു പിന്തുടരുന്ന വിദ്യാഭ്യാസ രീതി എഴുത്തിനും, വായനയ്ക്കും, മൽസരത്തിനും കൊടുക്കുന്ന പ്രാധാന്യം ജീവിതത്തിനു കൊടുക്കാറില്ലല്ലൊ. നിസ്സാരം ഒരു പരീക്ഷയിൽ തോൽക്കുന്നതിന്റെ വിഷമത്തിൽ ജീവിതം എന്തെന്നറിയാത്ത പ്രായത്തിൽ തന്നെ ജീവനൊടുക്കാൻ നമ്മുടെ മക്കളെ പ്രേരിപ്പിക്കുന്ന ഒന്നായി ഇന്ന് വിദ്യാഭ്യാസം മാറിയിരിക്കുന്നു. പഠിച്ചു ജോലി നേടാം എന്ന വ്യാമോഹം എല്ലാവരിലും കുത്തി നിറയ്ക്കുകയും, ഒരു സമൂഹമായി നിലനിൽക്കാൻ ആവശ്യമായ ജോലികളെ അവമതിക്കുകയും അവഗണിക്കുകയും ചെയ്യുന്ന ഒരു രീതിയാണ് കഴിഞ്ഞ അമ്പതോളം കൊല്ലം കൊണ്ട് നമ്മൾ കാണാപ്പാഠം പഠിച്ചു വച്ചിരിക്കുന്നത്.

വിദ്യാഭ്യാസം ‘ജീവിതാഭ്യാസ’മാണ്. പട്ടിയും പൂച്ചയും പോലും അതിന്റെ മക്കളെ ജീവിക്കാനാണ് പരിശീലിപ്പിക്കുന്നത്. നിസ്സാരകാര്യത്തിനു മരിക്കാനല്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം സമൂഹമായി ജീവിക്കാനും, സമൂഹത്തിന്റെ ചിട്ടവട്ടങ്ങൾ അനുസരിച്ച് ജീവിക്കാനുമാണ് കുട്ടികളെ പരിശീലിപ്പിക്കേണ്ടത്. ഈ ചിട്ടവട്ടങ്ങളും മര്യാദകളുമാണ് സമൂഹത്തിൽ ബലവാനും ദുർബ്ബലനും ഒരു പോലെ ജീവിക്കാൻ അവസരം കൊടുക്കുന്നത്. ഈ സംവിധാനമാണ് നമ്മെ നില നിർത്തിയിരുന്നത്.

അറിവിനോടുള്ള ഉൽക്കടമായ ആഗ്രഹം നമുക്കു ജന്മസിദ്ധമായി കിട്ടിയിരിക്കുന്നതാണ്. അതിനെ തല്ലിക്കെടുത്താതെ സംരക്ഷിക്കുകയും ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്താൽ മതിയാകും.  എന്നാൽ സാമൂഹ്യ മര്യാദകളും, നമ്മളെ ഒരു ജീവി വർഗ്ഗമായി നില നിൽക്കാൻ അനുവദിക്കുന്ന പല സംവിധാനങ്ങളും നമ്മൾ പഠിച്ചെടുക്കുന്നതാണ്, ഈ പഠനത്തിന് പ്രാധാന്യം കൊടുത്തില്ലെങ്കിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളാണ് നമ്മളിന്നനുഭവിക്കുന്നത്. സമൂഹത്തിൽ ‘വിദ്യാഭ്യാസം’ കൂടുന്നതിനനുസരിച്ച് അന്ധവിശ്വാസവും, അനീതിയും, അക്രമവും കൂടുകയല്ലെ? നെറിവു കെട്ട തലമുറ ആധുനികമായ അറിവുപയോഗിച്ച് മറ്റുള്ളവരുടെ ജീവിതവും ദുരിതപൂർണമാക്കുന്നു. വിദ്യാസമ്പന്നരായ ഉദ്യോഗസ്ഥർ സാധാരണക്കാരെ ‘പിഴിയുന്ന’തും, കമ്പ്യൂട്ടർ ഭാഷ കയ്യടക്കമുള്ളവൻ വൈറസിനെ വിട്ട് എത്രയോ പേരുടെ ജീവിതം നരകപൂർണ്ണമാക്കുന്നതും ഉദാഹരണങ്ങൾ.

നെറിവുറച്ച ഒരു തലമുറ അറിവിനെ വേണ്ട ശ്രദ്ധയോടും, സൂക്ഷ്മതയോടുമല്ലെ കൈകാര്യം ചെയ്യൂ? അതു കൊണ്ട് നമ്മൾ നടപ്പിലാക്കുന്ന പാഠ്യപദ്ധതിയിൽ നെറിവിനാണ് പ്രാധാന്യം. അറിവു നേടാനുള്ള ചില വഴികൾ കാണിച്ചു കൊടുക്കുകയേ വേണ്ടൂ. മാറുന്ന കാലത്തിനതീതമായി നിലനിൽപ്പിനെ ബാധിക്കാത്ത വഴികൾ അടുത്ത തലമുറ തേടിപ്പിടിച്ചു കൊള്ളും. (ഇതേപ്പറ്റി താങ്ങാവുന്ന വിദ്യാഭ്യാസം എന്ന പുസ്തകത്തിൽ വളരെ വിശദമായി ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും പറഞ്ഞു വച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ താത്പര്യമുള്ളവർക്ക് ഈ പുസ്തകം ഗുണം ചെയ്യും. )

[/spoiler] [spoiler show=”സാരംഗ് സന്ദർശിക്കാൻ എന്താണു ചെയ്യേണ്ടത് ?”] ഫോൺ വഴിയോ കത്ത് മുഖേനയോ ഇ മെയിൽ വഴിയോ രണ്ടു കൂട്ടർക്കും സൗകര്യപ്രദമായ ഒരു ദിവസം തീരുമാനിച്ച ശേഷം വരിക.  നമുക്കു രണ്ടു കൂട്ടർക്കും അസൗകര്യങ്ങളൊഴിവാക്കാൻ ഇതു സഹായകമാകും.

[/spoiler] [spoiler show=”അട്ടപ്പാടിയിലെ സാരംഗിൽ കുറച്ചു ദിവസം ചെലവഴിക്കാൻ സാധിക്കുമോ ?”] ഇവിടെ നിന്ന് എന്തെങ്കിലും പഠിക്കാനോ എന്തെങ്കിലും പ്രവർത്തനങ്ങളിൽ സാരംഗിനെ സഹായിക്കാനോ ആണെങ്കിൽ തീർച്ചയായും വരിക. ഉള്ള സൗകര്യത്തിൽ നമുക്ക് കൂടാം. ഭക്ഷണത്തിന്റെയും താമസത്തിന്റെയും ചെലവ് വഹിക്കാൻ ഓർമ്മിക്കുക. അതല്ല, ഒരു വിനോദ യാത്രയുടെ ഭാഗമായോ. പ്രകൃതിഭംഗി ആസ്വദിക്കാനോ ഒക്കെയാണെങ്കിൽ ദയവു ചെയ്ത് വരാതിരിക്കുക. നമുക്കു രണ്ടു കൂട്ടക്കാർക്കും നിരാശയാകും ഫലം.താഴെപ്പറയുന്ന സൗകര്യങ്ങളും സൗകര്യക്കുറവുകളുമാണ് സാരംഗിലുള്ളത്.

താമസം, ഭക്ഷണം, യാത്ര
ഒരു മലയുടെ മുകളിൽ ആണ് സാരംഗിന്റെ പ്രധാന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഒരു കോട്ടേജും കുറച്ചു ടെന്റുകളും ഒരു ചെറിയ വീടുമാണിവിടെ തത്ക്കാലമുള്ളത്. കിടക്കാൻ പുൽപ്പായ മാത്രമേയുള്ളു. കട്ടിൽ, കിടക്ക തുടങ്ങിയ സംവിധാനങ്ങളില്ല. 

വളരെ ലളിതമായ ഭക്ഷണമാണുണ്ടാവുക. അടുക്കളയിൽ ഉള്ള സൗകര്യത്തിൽ എല്ലാവരും കഴിവും വിധം സഹായിക്കുന്നത് കാര്യങ്ങൾ വേഗത്തിലാക്കും.

കുറഞ്ഞത് 5-6 മണിക്കൂറെങ്കിലും ചെലവഴിക്കാൻ പാകത്തിനു വരിക. വളരെ തിരക്കുള്ളവർ തത്കാലം സന്ദർശനം ഒഴിവാക്കുക. 

ടോയ് ലറ്റ്
ഇവിടെ ക്ലോസറ്റോ, സെപ്റ്റിൿ ടാങ്കോ ഇല്ല. ഒരു ചെറിയ കുഴി കുഴിച്ച് കാര്യം നടത്തി മണ്ണിട്ടു മൂടി വയ്ക്കലാണ് ഞങ്ങളുടെ കക്കൂസ് സംവിധാനം. തരിശുഭൂമിയെ ആരോഗ്യമുള്ള മണ്ണാക്കിയെടുക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംവിധാനവും. രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഇത് ഒന്നാന്തരം മണ്ണായി മാറുന്നു.

ദിവസേന കുഴി കുഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും സ്ത്രീകൾക്കുമായി മറയും അല്പം ആഴത്തിലുള്ള കുഴികളുമുള്ള കക്കൂസുകളും ഞങ്ങൾ തയ്യാറാക്കി വയ്ക്കാറുണ്ട്. ഉപയോഗശേഷം ചാരമോ മണ്ണോ ഇടുന്നതു കൊണ്ട് ദുർഗന്ധമോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാറില്ല.

വെള്ളം
ഇതെഴുതുന്ന സമയത്ത് ഇവിടെ കൊടും വേനലാണ്. കഴിഞ്ഞ വർഷങ്ങളിൽ മഴ പെയ്യാത്തതു കൊണ്ട് വെള്ളക്ഷാമം രൂക്ഷമാണ്. നമ്മുടെ നീർമറിയിലെ വെള്ളം വറ്റിയിട്ട് മാസങ്ങളായി. ഇപ്പോൾ പുഴയിൽ നിന്ന് വെള്ളം കൊണ്ടു വന്നാണ് ആളുകൾ ജീവിക്കുന്നത്. ഞങ്ങളും കുളിയും അലക്കും പുഴയിലാണ് നിർവഹിക്കുന്നത്. ഏകദേശം അര മണിക്കൂർ വേണം പുഴയിൽ നിന്ന് കുളി കഴിഞ്ഞ് മലയുടെ മുകളിലെത്താൻ. മഴവെള്ള സംഭരണിയിലെ വെള്ളമാണ് പാചകത്തിനുപയോഗിക്കുന്നത്. പൊതുവെ വെള്ളം വളരെ പരിമിതമായി ഉപയോഗിക്കേണ്ട ഒരവസ്ഥയിലാണു നമ്മളിന്ന്. അതു മനസ്സിലാക്കി സഹകരിക്കുക.

ഞങ്ങളുടെ ചെറിയ മഴവെള്ള സംഭരണിയിലെ വെള്ളം കൊണ്ടു മാത്രം കാര്യങ്ങൾ നടക്കില്ല. അതു കൊണ്ട് ശിരുവാണിയിൽ നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന ജലനിധി സംവിധാനത്തിൽ നിന്ന് നമ്മൾ വെള്ളമെടുക്കുന്നുണ്ട്.

നമ്മുടെ താഴ്വാരത്തിൽ ഒരു കിണർ കുഴിക്കുകയും, മേൽപ്പറഞ്ഞ കൊടും വേനലിലും അതിൽ വെള്ളം കാണുകയും ചെയ്തിരുന്നു. എന്നാൽ നിയമത്തിന്റെ നൂലാമാലകളിലും ഞങ്ങളുടെ സാമ്പത്തിക ഞെരുക്കത്തിലും പെട്ട്  അതിന്റെ പണി ഇടയിൽ വച്ച് നിന്നു പോയി. കഴിഞ്ഞ മഴയ്ക്ക് അതിന്റെ വശങ്ങളിടിഞ്ഞു തൂരുകയും ചെയ്തു.  ആ കിണർ വീണ്ടും കെട്ടിയുണ്ടാക്കുന്നതു വരെ ഈ ജലനിധി സംവിധാനം തന്നെ ശരണം.  എത്രയായാലും വെള്ളം സൂക്ഷിച്ചു മാത്രമെ ഉപയോഗിക്കാവൂ. ഞങ്ങൾ ഇപ്പോഴും ഇടക്കിടെ അലക്കിനും കുളിക്കും ശിരുവാണിയിൽ പോകാറുണ്ട്. നിങ്ങൾക്കും അതു ചെയ്യാവുന്നതാണ്. 

വിലപ്പെട്ട സമയം
നമ്മുടെ ആശയങ്ങളോടു താത്പര്യമുള്ളതു കൊണ്ടാണ് ഓരോരുത്തരും സാരംഗ് കാണാൻ വരുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായറിയാം. ഇതു പോലെയുള്ള ധാരാളം പേരുടെ ആവേശവും പ്രാർത്ഥനയുമാണ് സാരംഗിനെ നിലനിർത്തുന്നതു തന്നെ. നമ്മൾ വളരെ ചെറിയ ഒരു സംഘമാണ്. ധാരാളം ജോലികൾ ചെയ്തു തീർക്കാനുമുണ്ട്. അതു കൊണ്ട് കാര്യമാത്രപ്രസക്തമായ ചർച്ചകളിൽ മാത്രമേർപ്പെടുക, സമയം പാഴാക്കാതിരിക്കുക.

സന്ദർശകർക്കുള്ള ഫീസ്
എല്ലാ സന്ദർശകരും ഒരു നിശ്ചിത ഫീസ് നൽകേണ്ടതാണ്. സന്ദർശനത്തീയതി നിശ്ചയിക്കുന്ന സമയത്തു തന്നെ ഇതു ചോദിച്ചു മനസ്സിലാക്കുക.

[/spoiler] [spoiler show=”പണിക്കു പകരം ഭക്ഷണവും താമസവും തരമാക്കാമോ ?”] കേൾക്കുമ്പോൾ സുഖമുള്ള കാര്യമാണെങ്കിലും തത്ക്കാലം ഇത് പ്രാവർത്തികമാക്കാനുള്ള ഒരു സ്ഥിതിയിലല്ല നമ്മൾ. സാരംഗു കുടുംബം മുഴുവൻ പണിയെടുത്തിട്ടും. രക്ഷിതാക്കളും സാരംഗിനോടു താത്പര്യമുള്ളവരും കഴിവനുസരിച്ച് സഹായിച്ചിട്ടും, അടിസ്ഥാന സൗകര്യങ്ങൾ പോലും ഉണ്ടായി വരുന്നതേയുള്ളു. കൂടാതെ കഴിഞ്ഞ കുറച്ചു കാലമായി നമുക്കു കൃഷിയിറക്കാനും കഴിഞ്ഞിട്ടില്ല. അതു കൊണ്ട് തത്ക്കാലം സാരംഗിനെ സഹായിക്കാൻ വരുന്നവർ പോലും താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവ് സ്വന്തം വഹിക്കേണ്ടതാണ്. ഭാവിയിൽ കാര്യങ്ങൾ മെച്ചപ്പെടുമെന്നും ഈ സ്ഥിതി മാറുമെന്നുമാണ് നമ്മുടെ പ്രതീക്ഷ.
[/spoiler]