ഇത് ശ്രീ Sivadasan Thekkiniyedath ചെയ്ത ഒരു പോസ്റ്റ് ആണ്.നമുക്ക് ഇതൊരു ഗൗരവമുള്ള വിദ്യാഭ്യാസ ചർച്ചയാക്കിയാലോ?(തുടർച്ച)

(7)നിരവധി കുറ്റവാളികള് ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്ന ഒരു വ്യവസ്ഥിതിയില് വിദ്യാഭ്യാസ നയം തിരുത്തിയത് കൊണ്ട് മാത്രം ക്രിമിനല് കുറ്റങ്ങള് കുറയുമോ?


ഏതൊരു സമൂഹമായാലും ചില വ്യവസ്ഥകൾ കൊണ്ടാണു നിലനിൽക്കുന്നത്.നമ്മുടെ ശരീരം നില നിർത്തുന്ന ദഹന വ്യവസ്ഥ, രക്ത ചംക്രമണ വ്യ്വസ്ഥ, ശ്വസന വ്യവസ്ഥ എന്നിങ്ങനെ.ഇവ അങ്ങോട്ടുമിങ്ങോട്ടും ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. അതു കൊണ്ട് ഒരു വ്യവസ്ഥയ്ക്കുണ്ടാകുന്ന തകരാറ് മറ്റു വ്യവസ്ഥകളെയും തുടർന്ന് ശരീരത്തെ മൊത്തത്തിലും ബാധിക്കാറുണ്ടല്ലോ.ചിലപ്പോൾ അതു ഗുരുതരമാവുകയും ആളുടെ മരണത്തിൽ കലാശിക്കുകയും ചെയ്യാറുണ്ടല്ലോ.എന്നതു പോലെ സമൂഹ ശരീരവും ആരോഗ്യത്തോടെ നില നിർത്താൻ ചില വ്യവസ്ഥകൾ സ്ഥാപിച്ചു വച്ചിട്ടുണ്ട്. നീതിന്യായവ്യവസ്ഥ, നീതി നിർവഹണ വ്യ്വസ്ഥ, ഭരണ വ്യവസ്ഥ, ആരോഗ്യവ്യ്വസ്ഥ, വിദ്യാഭ്യാസവ്യവസ്ഥ എന്നിങ്ങനെ അതു നീണ്ടൂ പോകുന്നു.ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥയാണു വിദ്യാഭ്യാസ വ്യവസ്ഥ. കാരണം അതാണ് ഒരു ജന സമൂഹത്തിന്റെ സ്വഭാവം നിർണ്ണയിക്കുന്നത്.
വിദ്യാഭ്യാസം എന്നാൽ നമുക്കിന്നും വെറും സാക്ഷരത മാത്രമാണ്. മുമ്പത്തെ കാലത്ത് അതു മതിയായിരുന്നു. കാരണം സംസ്കാരത്തിന്റെ ശീലങ്ങൾ പഠിപ്പിക്കാൻ അന്നു കുടൂംബങ്ങൾ ഉണ്ടായിരുന്നു.കുടുംബത്ത് നിറയെ ആളുകളും പഠിക്കാനുള്ള സാഹചര്യങ്ങളും ഉണ്ടായിരുന്നു. അന്നത്തെ കുടുംബങ്ങൾ എല്ലാം ഏതു സമയവും സജീവമായിരുന്നു.എപ്പൊഴുമെപ്പൊഴും പലതരം പ്രവർത്തനങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും നടന്നു വന്നിരുന്നതു കൊണ്ട് ആ സംസ്കാരം പഠിച്ചെടുക്കാൻ ഒരു കുഞ്ഞിനും വിഷമവും ഉണ്ടായിരുന്നില്ല. അന്നത്തെ ആചാരങ്ങളും സംസ്കാരവും കൊണ്ട് ഇന്നു ജീവിക്കാനാവില്ല .എന്നാൽ ഇന്നത്തെ ജീവിത മര്യാദകൾ ആര്,എവിടെയാണു പഠിപ്പിക്കുന്നത്?
ഇവിടെ കൊടുത്തിട്ടുള്ള ചിത്രം നോക്കുക. കണ്ടാൽ വളരെ നിസ്സാരമെന്നു തോന്നുന്നാവുന്ന ഒരു വ്യവസ്ഥയുടെ ലംഘനമാണ് ഇത്.ഇത് ഒരാൾ ഒരു ദിവസം ചെയ്യുന്ന വ്യവസ്ഥാ ലംഘനമല്ല.ഒരു സമൂഹം എന്നുമെന്നും ചെയ്തു കൊണ്ടിരിക്കുന്ന വ്യവസ്ഥാലംഘനമാണ്. ഈ ഒരു സമൂഹം ഈ ഒരു വ്യവസ്ഥ മാത്രമല്ല ലംഘിച്ചു കൊണ്ടിരിക്കുന്നത്.നമ്മൾ ഓരോരുത്തരും ഓരോ ദിവസവും എത്രയെത്ര വ്യവസ്ഥകളാണു ലംഘിച്ചു കൊണ്ടിരിക്കുന്നത്.ക്യൂ നിൽക്കാൻ കൂട്ടാക്കാതിരിക്കുക, അമിത വേഗത്തിൽ വാഹനമോടിക്കുക, പൊതു സ്ഥലത്ത് പുക വലിക്കുക, മ്റ്റൊരാളുടെ പെണ്ണിനെ വല വീശിപ്പിടിക്കുക,പൊതു വിതരണത്തിൽ പൂഴ്ത്തി വയ്പ് നടത്തി പണമുണ്ടാക്കുക.കൈക്കൂലി കൊടുക്കുക,വാങ്ങുക, ഉത്തരവാദിത്തങ്ങൾ ചെയ്യാതിരിക്കപൊതുമുതൽ ഒപ്പിച്ചെടുക്കുക, നശിപ്പിക്കുക, അങ്ങനെയങ്ങനെ എന്തെല്ലാം വ്യ്വസ്ഥാ ലംഘനങ്ങളാണു നമ്മൾ ഓരോ ദിവസവും ചെയ്തു കൂട്ടുന്നത്! അങ്ങനെയൊക്കെ വിചാരിച്ചാൽ ജീവിക്കാൻ പറ്റുമോ എന്നൊരു ആയുധവും നമ്മൾ കരുതി വച്ചിട്ടുണ്ടല്ലോ.വ്യവസ്ഥാ ലംഘനവും അതിനുള്ള ന്യായീകരണവും ഒരു മനോഭാവമായി മാറിക്കഴിഞ്ഞിരിക്കുന്നു.ഇത്തരത്തിൽ വ്യവസ്ഥാലംഘനത്തിനുള്ള മനോഭാവമാണ് നമ്മളെ കുറ്റവാളികൾ ആക്കുന്നത്.ചിലർ ചെറിയ കുറ്റങ്ങൾ കൊണ്ടു തൃപ്തിപ്പെടുന്നു. മറ്റു ചിലർക്ക് വലിയ കുറ്റങ്ങൾ (വ്യ്വസ്ഥാ ലംഘനങ്ങൾ )തന്നെ ചെയ്താലേ തൃപ്തിവരൂ.
മുമ്പ് ഔപചാരിക വിദ്യാഭ്യാസം വെറും സാക്ഷരതാ പ്രവർത്തനം മാത്രമായിരുന്നു.അന്നതു മതിയായിരുന്നു. കാരണം അന്ന് നമ്മളെല്ലാം വെറും പ്രജകൾ മാത്രമായിരുന്നു. നമ്മുടെ സകല കാര്യങ്ങളും തീരുമാനിച്ചിരുന്നത് നമ്മുടെ തമ്പുരാക്കന്മാരായിരുന്നു.(ഇന്നും അങ്ങനെയൊക്കെ ത്തന്നെ ) എന്നിരുന്നാലും ആവശ്യ മുള്ളവർക്ക് ജനാധിപത്യ പൗരനായും ജീവിക്കാം, അതിനായി പ്രവർത്തിക്കാം.അന്ന് അതും പറ്റില്ലായിരുന്നല്ലോ.
മുമ്പത്തെ വിദ്യാഭ്യാസ മല്ല ഇനി വേണ്ടത്. ഒരു സമ്പൂർണ്ണ വിദ്യാഭ്യാസത്തിൽ കുറഞ്ഞ ഒന്നു കൊണ്ടൂം ഇന്നത്തെ സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനാവുകയില്ല.നമ്മൾ ഓരോരുത്തരും നമ്മുടെ പ്രവൃത്തികളെ ന്യായീകരിച്ചു നിർത്തിയാലും നമ്മൾ ചെയ്യുന്ന തെറ്റുകൾ തെറ്റല്ലാതെ വരികയില്ലല്ലോ.