ഇതൊരു നീർമറി പ്രദേശത്തിന്റെ രേഖാചിത്രമാണ്. ഇങ്ങനെയുള്ള നീർമറി പ്രദേശത്തിൽ നിറയെ പ്രകൃതിദത്ത വനങ്ങളുണ്ടെങ്കിൽ അവിടെ പെയ്യുന്ന മഴവെള്ളം മേലേകൂടി ഒലിച്ചു പോകാതെ മണ്ണിനടിയിലൂടെ ഊർന്നിറങ്ങി മലയടിവാരത്തിൽ ഉറവകളുണ്ടായി തോടുകളും അത്തരം തോടുകൾ ചേർന്ന് പുഴയും രൂപപ്പെടുന്നു. ഇത്തരം വനങ്ങൾ വെട്ടി നീക്കുന്നതോടെ പെയ്യുന്ന മഴവെള്ളം മണ്ണിനടിയിലേക്ക് ഊർന്നിറങ്ങാനാവാതെ മേൽമണ്ണിലൂടെ ഒലിച്ചിറങ്ങി മണ്ണൊലിപ്പിച്ച് അന്നു തന്നെ കായലിലോ സമുദ്രത്തിലോ ചെന്നു ചേരുന്നു.പലപ്പൊഴും കാട്ടുകള്ളന്മാരാണ് തദ്ദേശീയ വാസികളെ കൂലിക്കെടുത്ത് ഇത്തരം വനം വെട്ടിവെളുപ്പിക്കുന്നത്. കാട്ടുകള്ളന്മാർ കാടു വെട്ടി കാശാക്കി സ്ഥലം വിടുന്നു. കുറെ കഴിയുമ്പോൾ പുഴകളും തോടുകളും ഉറവകളും വറ്റുന്നു. കാട്ടുകള്ളന്മാരുടെ നക്കാപ്പിച്ച കാശു വാങ്ങി തങ്ങൾക്കുള്ള കുടിവെള്ളം തങ്ങൾ തന്നെയാണു നശിപ്പിക്കുന്നതെന്ന് സാധാരണക്കാർ അറിയുന്നതേയില്ല. ഇതു തിരിച്ചറിഞ്ഞ ഒരു നീർമറി പ്രദേശത്തെ സാധാരണമനുഷ്യർ നടത്തുന്ന പുനരുജ്ജീവന സമരത്തിന്റെ അസാധാരണ കഥയാകുന്നു കുഞ്ച് രാമ്പള്ളം.