ഭക്തിയും ബഹുമാനവും രണ്ടാണെന്ന തിരിച്ചറിവില്ലാത്തൊരു സമൂഹമാണു നമ്മുടേത്. അതുപോലെ തന്നെ ഏകാധിപത്യവും ജനാധിപത്യവും രാജാധിപത്യവും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാത്തവരാണു നമ്മൾ.
രാജഭക്തി കാട്ടി ശീലിച്ച നമുക്ക് ജനകീയ നേതാക്കളോടും രാജഭക്തിക്കു സമാനമായ ഭക്തി തന്നെയാണുള്ളത്. രാജാവു പ്രജകളുടെ ഉടമയാണ്. അതുകൊണ്ടാണ് രാജാവിനെ ‘ഉടയതേ’ ‘പൊന്നുടയതേ’ എന്നൊക്കെ വിളിച്ചിരുന്നത്. ജനാധിപത്യ നേതാക്കളെ പൊന്നുടയതേ എന്നു വിളിക്കുന്നില്ലെങ്കിലും നമ്മൾ കാട്ടുന്ന ആരാധനയും പെരുമാറ്റവും പഴയ രാജഭരണകാലത്തേതു തന്നെ.
എന്തിനെയെങ്കിലും ആരാധിക്കാതെ നമുക്കു ജീവിക്കാനാവില്ലെന്നു തോന്നുന്നു.
താരാരാധന, വീരാരാധന, വിഗ്രഹാരാധന എന്നിവിയിൽ ഒന്നോ അല്ലെങ്കിൽ എല്ലാം കൂടി ഒരുമിച്ചോ കൊണ്ടു നടക്കുന്നവരാണു നമ്മളിൽ ഏറെയും. സിനിമാതാരങ്ങൾ, കായികതാരങ്ങൾ, രാഷ്ട്രീയതാരങ്ങൾ എന്നിവരെയൊക്കെ കണ്ണടച്ച് ആരാധിക്കുന്നവരാണു നമ്മളിൽ ഏറെപ്പേരും. ഭക്തിയിൽ നിന്നാണ് ആരാധനയുണ്ടാവുന്നത്. നല്ല ഭക്തർ കണ്ണടച്ചേ ആരാധിക്കൂ. കണ്ണടച്ച്, കൈകൾ കൂപ്പി തുടങ്ങുന്ന ആരാധന സാഷ്ടാംഗത്തിൽ വരെ എത്തുന്നു. കണ്ണടക്കുന്നതോടെ യാഥാർത്ഥ്യങ്ങളുടെ വാതിലുകളാണ് നമ്മൾ അടയ്ക്കുന്നത്. പകരം അന്തക്കരണത്തിൽ ഒരു അയഥാർത്ഥ ലോകം ഉണ്ടാക്കുകയും അതാണു സത്യമെന്നു കരുതുകയും ചെയ്യുന്നു. അതു സാഷ്ടാംഗത്തിൽ എത്തിയാൽ പരിപൂർണ്ണമായി കീഴടങ്ങുന്നു എന്നു സാരം. കേരളത്തിൽ കീഴടങ്ങൽ ആയിട്ടില്ല. അതും ഉടനെ പ്രതീക്ഷിക്കാം.
ജനകീയ നേതാക്കൾ നമ്മുടെ പ്രതിനിധികൾ മാത്രമാകുന്നു. അതാണു ശരിയായ ജനാധിപത്യ ഘടന.അവർ നമ്മുടെ ഉടമകളോ ഉയരെയുള്ളവരോ അല്ല. വോട്ടറന്മാർ അധികാരികളും ജനപ്രതിനിധികൾ അവർ നിയമിക്കുന്ന മുക്ത്യാർമാരുമാകുന്നു.