ടോട്ടോച്ചാൻ’ എന്ന പുസ്തകം വായിച്ചിട്ടുള്ളവർ ഈ ചിത്രം കണ്ടാൽ അതിലെ വിദ്യാലയചിത്രങ്ങൾ ഒന്നൊന്നായി ഓർക്കാതിരിക്കില്ല. നമ്മുടെ ‘പ്രശ്നക്കാരായ’ മക്കൾക്കു വേണ്ടി അത്തരം ഒരു സ്കൂളും അത്തരം ഒരു കൊബോയാഷി മാസ്റ്ററെയും കിട്ടിയിരുന്നെങ്കിൽ എന്നൊക്കെ കൊതിച്ചും പോകും. ചിലർ ഈ ചിത്രത്തിൽ കാണുന്നതുപോലൊരു സ്കൂൾ ഉണ്ടാക്കി വയ്ക്കും. അടിമുടി യൂണിയൻ പ്രവർത്തനവും ഇടയ്ക്കിടെ മെക്കാളേ പ്രഭുവിന്റെ കോർപ്പറേറ്റു വിദ്യാഭ്യാസം പടിപ്പീരുമായി ഉപജീവനം നടത്തുന്ന അദ്ധ്യാപകത്തൊഴിലാളികൾ അവിടെ ഇംഗ്ലീഷ് മീഡിയത്തിൽ ‘ടോട്ടോ-ച്ചാനെ’യും കൊബോയാഷി മാഷെയും വാനോളം പുകഴ്ത്തിപ്പാടും. എന്നിട്ട് കുട്ടികളെക്കൊണ്ട് ഒരു കുന്ന് പുസ്തകം ചുമപ്പിക്കും. ആ പുസ്തകങ്ങളിലെ ചിതലരിച്ച സിദ്ധാന്തങ്ങൾ ഉരുവിട്ടു പഠിപ്പിക്കും.

സ്കൂൾക്കെട്ടിടം ഒരു ഭൗതിക സാഹചര്യം മാത്രമാണെന്ന് നമ്മൾ തിരിച്ചറിയണം. ഗംഭീരമായൊരു സ്കൂൾ എന്ന് നമ്മൾ പറയുന്നത് ഒരു കൂറ്റൻ സ്കൂൾക്കെട്ടിടം കണ്ടിട്ടാണ്. അല്ലാതെ അവിടത്തെ സാമൂഹ്യ പ്രതിബദ്ധതയുള്ള അദ്ധ്യാപകരെയോ കുട്ടികളുടെ മനസ്സറിയുന്ന പാഠ്യ പദ്ധതിയോ കണ്ടിട്ടല്ല. അതു നമ്മൾ കാണാറുമില്ല.
കൊബോയാഷി മാഷ് അവിടത്തെ സാഹചര്യത്തിൽ എളുപ്പം കിട്ടുമായിരുന്ന തീവണ്ടി ബോഗികളെ ആ ഭൗതികസാഹചര്യത്തിനായി ഉപയോഗിച്ചു. ഉപേക്ഷിക്കപ്പെട്ട ആ തീവണ്ടി ബോഗികളിൽ കൊബോയാഷി മാഷ് തന്റെ ചൈതന്യം സന്നിവേശിപ്പിച്ചു. ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്കായി ഒരു ലോകോത്തര വിദ്യാലയം പടുത്തുയർത്തി.. അദ്ദേഹം ‘ചമ്പള’ത്തിനു വേണ്ടി തൊഴിലുചെയ്യുന്നൊരു അദ്ധ്യാപകത്തൊഴിലാളിയായിരുന്നില്ലല്ലോ. പകരം കേരളത്തിലെ അദ്ധ്യാപകത്തൊഴിലാളികളും മെക്കളെപ്രഭുവിന്റെ പാഠ്യ പദ്ധതിയും അവിടെ കുടിയിരുന്നാൽ കൊബോയാഷി മാഷും ടോട്ടോച്ചാനും അവിടെ നിന്നും കുടിയിറങ്ങും.പകരം ലോക മണ്ടത്തരങ്ങൾ അവിടെ കുടിയിരിക്കുകയും ചെയ്യും.
(ഇതൊരു റെയിൽവെ പ്ലാറ്റ്ഫോമല്ല, കോട്ടയത്തെ വെള്ളൂർ പി.ടി .എം ഗവ സ്കൂൾ പാമ്പാടി.
Photo courtesy goes to Sreekumar Aalapra
smart pix media)