ഇതു ഗൗതം.ഇവൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല. എൻട്രൻസ് എഴുതിയിട്ടില്ല.എഞ്ചിനീയറിംഗ് പഠിക്കാൻ ഒരു കോളേജു പടിയും നിരങ്ങിയിട്ടുമില്ല. പക്ഷെ ഞങ്ങളുടെ മകൻ പലതുമാണ്.ഒരു എഞ്ചിനീയറുമാണ്.സാധാരണക്കാരനിൽ സാധാരണക്കാരനായ ഒരു എഞ്ചിനീയർ. ഇവൻ സ്വന്തം കുടുംബത്തിനു വേണ്ടി ഒരു വീടുണ്ടാക്കുകയാണ്.ആ വീട്ടിലിരുന്നു നിലനില്പിനുള്ള ഒരു ജീവിതം ജീവിച്ചു കാണിക്കുമെന്നു ഞങ്ങൾക്കുറപ്പുണ്ട്.മറ്റുള്ളവരുടെ പങ്കിൽ കൈയിട്ടു വാരി തനിയെ തടിച്ചു ചീറുന്നൊരു ‘അഭ്യസ്ത വിദ്യ’നാവാൻ ഇവന് ഒരിക്കലും കഴിയില്ല. നോക്കുക, ഇതിനുപയോഗിക്കുന്ന മിക്ക സാധനങ്ങളും ഞങ്ങൾ കൃഷി ചെയ്തുണ്ടാക്കിയതാണ്. അതെ ഒരു വീടും നമ്മൾകൃഷി ചെയ്തുണ്ടാക്കുകയാണ്. കുടിവെള്ളം കൃഷിചെയ്തുണ്ടാക്കി.പിന്നെ മേൽമണ്ണും കൃഷി ചെയ്തുണ്ടാക്കി.അങ്ങനെ പലതും.

ആദിവാസി സാങ്കേതിക വിദ്യയിൽ മനോഹരമായ ചുവരുകൾ.(മുളകൊണ്ടു മെടഞ്ഞ ചുവരുകൾ) അതിന്റെ ഇരു വശത്തും മണ്ണു പൂശും. കയ്യിൽ ഇരിക്കുന്നത് ആധുനിക സാങ്കേതിക വിദ്യയുടെ പ്രതീകമായ ഡ്രില്ല്! അതെ സാരംഗിന്റെ വിദ്യാഭ്യാസത്തിൽ ഇതെല്ലാം വഴങ്ങും.
ഈ വീട് ഒന്നു പൂർത്തിയായി കാണാൻ മാതാപിതാക്കളായ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.ഈ വീടു നിർമ്മാണത്തിനിടയിൽ ഒട്ടേറെ പ്രതിസന്ധികൾ അവനു നേരിടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുള്ള കാല താമസവും ബുദ്ധിമുട്ടുകളും
.. അവന്റെ പെണ്ണ് അനു അവനു കൂട്ടിനുണ്ട്.രണ്ടു പിഞ്ചു കുഞ്ഞുങ്ങളും. എല്ലാം അതിജീവിക്കാനുള്ള അവരുടെ തോളോടു തോളോടു ചേർന്നുള്ള യാത്ര ഒന്നു മാത്രമാണ് അവരുടെ കൈമുതൽ.തീർച്ചയായും അവർ വിജയിക്കും.ആ ആത്മ വിശ്വാസവും പരിശ്രമവും ലോകം കാണണം. ലളിതമായ ജീവിതം കൊണ്ടേ ഇനി മനുഷ്യനും ലോകത്തിനാകെത്തന്നെയും നില നിൽക്കാനാവൂ.
കാണുക, ഒരു പുതിയ ലോകക്രമത്തിനായി ഈ വലിയ ശ്രമത്തിൽ ഒത്തു ചേരുക.
അഭിമാനത്തോടെ,
ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും