വളരെ വർഷങ്ങൾക്കു ശേഷമാണ് ഇത്രയും കൂണു കിട്ടുന്നത്. ഞങ്ങളുടെ നാട്ടിൽ വലിയ വെള്ളാരൻ കൂണ് എന്നാണ് ഇതിനു പറയുക. ചെറിയ വെള്ളാരനും ഇതു പോലെയൊക്കെ തന്നെ ഇരിക്കും.ലേശം വലിപ്പംകുറവായിരിക്കും എന്നൊരു വ്യത്യാസമേ ഉള്ളൂ.
എത്ര തരം കൂണുകൾ ഉണ്ടായിരുന്നു! പറമ്പൻ കൂണ്, മാമലച്ചിക്കൂണ്, വെള്ളാരൻ കൂണ്, അരിക്കൂണ്, ഉപ്പു കൂണ് അങ്ങനെ എന്തെല്ലാം തരം!
വളരെ ഫലപുഷ്ടിയുള്ളിടത്തേ കൂണുണ്ടാവൂ.ഒരു പക്ഷെ രാസവളങ്ങൾ കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആയിരിക്കണം കൂണുകൾ ഇല്ലാതെ പോയത്.

വളരെ വർഷങ്ങളായി ഒന്നും ചെയ്യാതെ കാടുമൂടി കിടന്നിരുന്ന ഒരു പറമ്പിൽ നിന്നാണ് ഇന്നു കൂണു കിട്ടിയത്.വെള്ളാരം കൂണുകൾ കിട്ടുന്ന സ്ഥലത്തു നിന്നും അടുത്ത ദിവസങ്ങളിലും കൂണു കിട്ടാറുണ്ട്. അതേ സ്ഥാനത്തു നിന്ന് അടുത്ത കൊല്ലങ്ങളിലും കിട്ടാറൂണ്ട്.
പ്രകൃതി നാശത്തിന്റെ ഭാഗമയിട്ട് ഇത്തരം എത്രയെത്ര വിഭവങ്ങളാനു നമുക്കു നഷ്ടമായത്! ഇനിയെങ്കിലും ഉണ്ടാക്കുന്ന വീടൂകളുടെ വലിപ്പമൊന്നു കുറച്ചാൽ നമ്മൾ ഉപയോഗിക്കുന്ന വിഭവങ്ങളുടെ അളവും തൂക്കവും ഒന്നു മിതമാക്കിയാൽ തന്നെ എന്തെന്തു സ്ഥലങ്ങൾ നമുക്കു മിച്ചമുണ്ടാവും.അടുത്ത തലമുറയ്ക്ക് ഇതൊക്കെ ഒന്നു രുചിക്കണ്ടെ? പണം മുടക്കില്ലാതെ കിട്ടുന്ന പോഷകമൂല്യവും രുചിയുമുള്ള ഈ വക സാധനങ്ങൾ അവരും രുചിക്കണ്ടെ? വരും തലമുറയ്ക്കായി നമുക്കു നമ്മളാലാവുന്നതു കരുതിവയ്ക്കാം.