ഇന്നലെച്ചെയ്തോരബദ്ധം മൂഢർ-
ക്കിന്നത്തെ ആചാരമാകാം
നാളത്തെ ശാസ്ത്രമതാകാം’ എന്നു കവി പറഞ്ഞതിന്റെ പൊരുളിൽ ഇത്രയും പൊരുളുണ്ടെന്നു കരുതിയില്ല.

‘ മണ്ണാർക്കാട് എം.എൽ.എ ബഹു:ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ജോസ് ബേബിയുടെ പ്രത്യേക വികസന ഫണ്ട്.’ ഇത് കേരളത്തിലെവിടെ ചെന്നാലും കാണാൻ കിട്ടുന്ന ‘സ്മാരക’ങ്ങളുടെ ഒരുദാഹരണം മാത്രമാണ്. ഓരോന്നിലും പേരും സ്ഥാനപ്പേരും മാറുമെന്നു മാത്രം.
ചില ചോദ്യങ്ങൾ.
ഇത്തരം ‘സ്മാരക’ങ്ങളിൽ ‘കൊത്തിവയ്ക്ക’പ്പെട്ടിട്ടുള്ള മഹാന്മാർ ഇപ്പൊഴും അതേ സ്ഥാനങ്ങളിൽ തന്നെ ആണോ>(എം.എൽ.എ./എം.പി.,/മന്ത്രി/മുഖ്യ മന്ത്രി/ തുടങ്ങിയ സ്ഥാനങ്ങൾ)
(ഇവിടെ ജോസ് ബേബി എന്നത് ഒരു പ്രതീകം മാത്രമാണു കേട്ടോ. നിങ്ങളുടെ നാട്ടിൽ ജോസ് ബേബിക്കു പകരം വേറൊരാളായിരിക്കും.) )
ശ്രീ. ജോസ് ബേബിയുടെ വികസന ഫണ്ട്. എന്നു വച്ചാൽ ശ്രീ. ജോസ് ബേേബിയുടെ ഷർട്ട്, ജോസ് ബേബിയുടെപേന, ജോസ് ബേബിയുടെവീട് എന്നൊക്കെ പറയുമ്പോലെ.ജോസ് ബേബിയുടെ ഷർട്ട് എന്നാൽ ജോസ് ബേബിക്ക് ധരിക്കാനുള്ള ഷർട്ട്, ജോസ് ബേബിയുടെ വീട് എന്നാൽ ജോസ് ബേബിക്ക് താമസിക്കാനുള്ള വീട് എന്നതുപോലെ ജോസ് ബേബിയുടെ വികസന ഫണ്ട് എന്നൽ ജോസ് ബേബിക്ക് വികസിക്കാനുള്ള ഫണ്ട് എന്നായിരിക്കില്ലേ അർത്ഥം?
അതൊക്കെ പോട്ടെ, ഈ ഫണ്ട് ജനങ്ങളുടേതല്ലേ? അതു കൊണ്ട് ഇത്തരം ‘സ്മാരക’ങ്ങളിലെ ബോർഡ് മാറ്റുന്നതിനെ കുറിച്ച് എന്താണഭിപ്രായം?