വളരെ ആശങ്കയോടെയാണ് ഈ പോസ്റ്റ്.

ഈ ഗണേശോൽസവം പോലെയുള്ള ആചാരങ്ങൾ കുറച്ചുകാലങ്ങളേ ആയിട്ടുള്ളൂ ഇവിടെ കുടിയേറിയിട്ട്. എന്തിനിങ്ങനെ മത്സരിച്ച് മത്സരിച്ച് ആചാരങ്ങൽ നടത്തുന്നു? ഇതുമൂലം ഉണ്ടാകുന്ന അസൗകര്യങ്ങളും മറ്റും മത വിശ്വാസികൾ ഒന്നു പരിഗണിക്കുമോ? ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ വിലപിടിപ്പുള്ളതാണത്രേ ഈ താൽക്കാലിക വിഗ്രഹങ്ങൾ! കൂടുതൽ കൂടുതൽ വലിപ്പമുള്ള വിഗ്രഹങ്ങൾ വാങ്ങി നഗരിചുറ്റാൻ ഹിന്ദുക്കൾ തന്നെ പരസ്പരം മൽസരിക്കുകയാണ്! ഇതെന്തൊരു ഭക്തിയാണ്! പുഴകളിൽ ഇതു നിമഞ്ജനം ചെയ്യാനുള്ള കഷ്ടപ്പാടു വേറെ. ആരാധിച്ച വിഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ കോഴിമാലിന്യം പോലെ അവഗണിച്ചു തള്ളുന്നതും ശരിയാണോ എന്നു കൂടി ആലോചിക്കേണ്ടതാണ്. നിവേദിക്കുന്ന പൂക്കളും മറ്റും മനുഷ്യർ ചവിട്ടുക പോലും ചെയ്യാത്ത ഇടങ്ങളിലാണ് ഹിന്ദുക്കൾ മുമ്പ് നിക്ഷേപിച്ചിരുന്നത്. എന്തിന്, വീടുകളിൽ ഇടുന്ന പൂക്കളങ്ങളിലെ പൂവുകൾ പുരപ്പുറത്തേക്കു വലിച്ചെറിയുന്നൊരു പതിവു ഞങ്ങളുടെ കുട്ടിക്കാലത്തുണ്ടായിരുന്നു. അല്ലെങ്കിൽ മനുഷ്യരുടെ കാലടി പതിയാത്ത സ്ഥലങ്ങളിൽത്തന്നെയാണ് ഉപേക്ഷിച്ചിരുന്നത്.

മതം വളർന്നോട്ടേ, പക്ഷെ അനാചാരങ്ങൾ വളർത്തണോ? ഇപ്പോൾത്തന്നെ കേരളത്തിൽ ആചാരങ്ങൾ ധാരാളമാണ്. ഇനിയും പുതിയവ ഇറക്കുമതി ചെയ്യണോ, വെറുതെ പണം ധൂർത്തടിക്കണോ എന്നും ആലോചിക്കുക.ഇതൊക്കെ കച്ചവടക്കണ്ണൂള്ള തല്പര കക്ഷികളുടെ ചില വേലകളാണെന്നും അറിയുക. ‘അക്ഷയ ത്രിതീയ’ പോലുള്ള മറ്റൊരു തട്ടിപ്പ്! മത വിശ്വാസവും ഈശ്വര വിശ്വാസവും രണ്ടാണെന്നു തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഈ സാക്ഷര കേരളം കാണിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്..

Image may contain: one or more people