IMG_7625ഒരു സമൂഹത്തിൽ വളരുന്ന കുട്ടികൾ മുതിർന്നവർ ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കുകയും അതു കളികളിലൂടെ പരിശീലിക്കുകയും ചെയ്യുന്നു. ബാല്യം തീരുന്നതോടെ തന്റെ ചുറ്റും നടക്കുന്ന പല കാര്യങ്ങളും ചെയ്യാൻ കുട്ടികൾ പ്രാപ്തരാകുന്നത് ഇങ്ങിനെയാണ്. മാത്രവുമല്ല, ജീവിതം എന്തൊക്കെ വെല്ലുവിളികളാണുയർത്തുക, എങ്ങിനെയവയെ നേരിടാം, ഓരോ സാഹചര്യത്തിലും എങ്ങിനെയാണു പെരുമാറേണ്ടത്, അല്ലെങ്കിൽ എന്താണ് ഓരോ സാഹചര്യങ്ങളിലും എന്റെ ചുറ്റുമുള്ളവർ എന്നിൽ നിന്നാവശ്യപ്പെടുന്നത്, സമൂഹത്തിൽ എന്താണ് അവനവന്റെ സ്ഥാനം എന്നൊക്കെ കുട്ടികൾ പഠിക്കുന്നു. ചുരുക്കത്തിൽ പഴയ തലമുറയുടെ ജീവിതമാണ് പുതിയ തലമുറയുടെ പഠനസാഹചര്യം. പഴയ തലമുറയുടെ അതിജീവനപാടവമാണ് പുതിയ തലമുറയുടെ പാഠപുസ്തകം.

ഇന്ന് എത്ര കുട്ടികൾക്ക് മുതിർന്നവരുടെ ജീവിതം കാണാൻ സാഹചര്യമുണ്ട്? സ്വന്തം അച്ഛനും അമ്മയും എന്തു ജോലിയാണ് ചെയ്യുന്നതെന്ന് (ജോലിയുടെ പേരല്ല) എത്ര മക്കൾക്കറിയാം? സ്കൂളും, കോളേജും, റ്റ്യൂഷനും, കോച്ചിംഗുമായി തിരക്കേറിയ നമ്മുടെ കുട്ടികൾ 24 മണിക്കൂറിനിടയിൽ കാണുന്ന മുതിർന്ന മുഖങ്ങൾ എത്രയുണ്ട്? അവർ മുതിർന്നവരുടെ ജീവിതം കാണുന്നത് റ്റി വിയിലും സിനിമയിലുമാണ്. അവിടെ ജീവിതം തിളക്കമാർന്നതും, സ്വപ്ന തുല്യവുമാണ്. നിഴലാട്ടത്തിൽ കാണപ്പെടുന്ന അവിടത്തെ മുതിർന്നവരോട് ആരാധന തോന്നിപ്പോകും. അവരെ അനുകരിക്കാൻ ഒരു സുഖമാണ്. പക്ഷെ അവനവൻ നിലനിൽക്കുന്നതിനു കാരണമായ അച്ഛനോടോ അമ്മയോടോ ആ ആരാധന തോന്നുമോ? ശരിക്കൊന്നു കാണാൻ പോലും കിട്ടാത്തവരോട് എങ്ങിനെ ആരാധനയുണ്ടാകും? എങ്ങിനെ അവരെ അനുകരിക്കും?

കുട്ടികളെ മൊത്തമായും ഒരു കൃത്രിമ സാഹചര്യത്തിൽ കൊണ്ടെത്തിക്കുക വഴി അവരെ ജീവിതത്തിൽ നിന്നും അകറ്റി നിർത്തുകയാണു നമ്മൾ ചെയ്യുന്നത്. പ്രശ്നങ്ങൾ കാണാൻ, പഴയ തലമുറയുടെ അതിജീവന വിദ്യകൾ കാണാൻ അവർക്കിന്ന് സാഹചര്യമില്ല.  പുതിയ തലമുറ ദുർബ്ബലരാകുന്നുണ്ടെങ്കിൽ ഇതാവില്ലെ കാരണം?  ശരിയായ ജീവിതം കാണാൻ അവർക്കൊരവസരം കൊടുക്കാൻ നമുക്കു കഴിഞ്ഞെങ്കിൽ!