ചുരുട്ടിപ്പിടിക്കുന്ന കൈ അല്ലെങ്കിൽ മുഷ്ടി കൈക്കരുത്തിന്റെ അടയാളമാണ്. ജനാധിപത്യവും കൈക്കരുത്തും തമ്മിൽ ബന്ധമില്ല. അഹിംസയിൽ അടിയുറച്ചു വിശ്വസിക്കുന്നവർ ബലിഷ്ഠമായ മുഷ്ടി രാഷ്ട്രീയ അടയാളമായി സ്വീകരിക്കുകയില്ല..
ചിന്തിക്കാൻ കരുത്തുള്ള നേതാവും ചിന്താശേഷി തീരെയില്ലാത്ത അനേകായിരം അനുയായികളും ഉണ്ടായിരുന്നൊരു കാലത്ത് അത് ആവശ്യമായിരുന്നു.അന്ന് തൊഴിലാളികൾ അടിമകളായിരുന്നു. എഴുത്തും വായനയും അറിയാത്തവരായിരുന്നു. കായികശേഷിയിൽ സമ്പന്നരുമായിരുന്നു. ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടായിരുന്ന അന്നത്തെ നേതാക്കൾക്ക് അടിമകളെ ഉണർത്താൻ അത് അനിവാര്യമായിരുന്നിരിക്കാം.
അന്നത്തെ തൊഴിലാളികൾക്കു പ്രതിയോഗികളായി നിന്നിരുന്നത് ആയുധവും അധികാരവും ഒരു പോലെ കയ്യാളിയിരുന്ന അന്നത്തെ സമ്പന്ന വർഗ്ഗമായിരുന്നു. അന്ന് അക്രമത്തിനെ അക്രമം കൊണ്ടു നേരിടും എന്നു കാണിക്കാൻ ഉയർത്തിയ ശരീര ശക്തിയുടെ അടയാളമായിരുന്നു മുഷ്ടി.
സാഹിത്യം,കല, എന്നിവയിൽപ്പോലും അഗ്രഗണ്യരായവർ ഇന്ന് തൊഴിലാളികൾക്കിടയിൽ ധാരാളമുണ്ട്. ഒപ്പം ചുരുട്ടിപ്പിടിച്ച അവരുടെ കൈകളിൽ പലതരം ആയുധങ്ങളുമുണ്ട്.അത് പരസ്പരം ഉയരുകയും തൊഴിലാളികൾ തൊഴിലാളികളെ രക്തസാക്ഷികളാക്കുകയും ചെയ്യുന്നൊരു കാലത്താണു നമ്മൾ ഇന്നു ജീവിക്കുന്നത്.
നമുക്കൊന്നു മാറിച്ചിന്തിച്ചു കൂടേ?
കൈക്കരുത്തിനു പകരം മന:കരുത്തു വളരട്ടെ. അദ്ധ്വാനിക്കുന്ന ബുദ്ധിജീവികൾ വളർന്നു വരട്ടെ.ഒരു നേതാവു നയിക്കുന്ന ആട്ടിൻ പറ്റങ്ങൾക്കു പകരം ബുദ്ധിയുള്ള അനേകായിരം സാധാരണക്കാരിൽ നിന്നും സാധാരണക്കാരുടെ പ്രതിനിധിയായൊരു നേതാവുണ്ടായി വരട്ടെ. നമുക്ക് ആരാധിക്കാനും ആൾദൈവങ്ങളായി പൂജിക്കാനുമുള്ള നേതാക്കൾക്കു പകരം നമുക്കിടയിൽ നിന്നു പ്രവർത്തിക്കുന്നൊരു സാധാരണ നേതാവുണ്ടായി വരട്ടെ. നേതാവു നമ്മളെയല്ല നയിക്കേണ്ടത്. നേതാവിനെ നമ്മളാണു നയിക്കേണ്ടത്. അതിന്റെ പേരാണു ജനാധിപത്യം.