കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും യഥാർത്ഥ ഉത്തരവാദികൾ ആരൊക്കെയാണ്?
• ചോരാത്തൊരു വീട് എന്ന സ്വപ്നത്തിനു തൊങ്ങലും വാലും വയ്പിച്ച് അത്യാവശ്യമുള്ളതിലേറെ വലിപ്പത്തിൽ വീടു വയ്ക്കുന്നവർ.
ഇക്കൂട്ടർ അവരവർക്ക് ആവശ്യമുള്ളതിലേറെ പാറ, മണ്ണ്, മരം, മണൽ,സിമന്റ്, കമ്പി, തുടങ്ങിയവ ഉപയോഗിക്കുന്നു.
• വൃത്തിയായ മുറ്റം എന്ന സങ്കല്പത്തിൽ മുറ്റം നിറയെ കോൺക്രീറ്റ് ഇടുകയോ റ്റൈൽസ് പതിപ്പിക്കുകയോ ചെയ്യുന്നവർ. ( പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ച് ആവശ്യമില്ലാത്ത ഭംഗിയുണ്ടാക്കാൻ നോക്കുന്ന ഇക്കൂട്ടർ മണ്ണിനടിയിലേക്കു മഴവെള്ളം ഇറങ്ങുന്നതു തടയുകയാണ്.
• ഒന്നിലേറെ വീടുകളുണ്ടാക്കി ആർക്കും കൊടുക്കാതെ കാത്തു സൂക്ഷിക്കുന്നവർ. (കേരളത്തിൽ ഇത്തരത്തിലുള്ള 12,00,000 വീടുകൾ ആൾപ്പാർപ്പില്ലാതെ കിടപ്പുണ്ട്!)
• നാണം മറയ്ക്കുക എന്ന അത്യാവശ്യം വിട്ട് ശരീരം അലങ്കരിക്കുക എന്ന ആർത്തിയിൽ വസ്ത്രം വാങ്ങി കൂട്ടുന്നവർ. പരുത്തി വസ്ത്രങ്ങൽക്കു പകിട്ടില്ല എന്ന ചിന്തയിൽ പട്ടും കൃത്രിമപ്പട്ടും വാങ്ങി ധരിക്കുന്നവർ.
• സ്വർണ്ണത്തിൽ പൊതിഞ്ഞു നടക്കണമെന്നു കൊതിക്കുന്നവർ. സ്വർണ്ണം ഉപയോഗിച്ചു കൊടിമരം ഉണ്ടാക്കിയും, ചവിട്ടു പടി പൊതിഞ്ഞും, മേൽക്കൂര മേഞ്ഞും ,പൂജാപാത്രങ്ങൾ ഉണ്ടാക്കിയും, കാണിക്ക അർപ്പിച്ചും ദേവപ്രീതി നേടാം എന്നു കരുതുന്നവർ. (ഈ പ്രപഞ്ചത്തിലുള്ള സകല ചരാചരങ്ങളെയും സൃഷ്ടിച്ചത് ഈശ്വരനാണെങ്കിൽ ആ ഈശ്വരനു കല്ലും കരിക്കട്ടയും സ്വർണ്ണവും തമ്മിലെന്തു വ്യത്യാസം?)
• ഒരാൾക്കു വേണ്ടി അഞ്ചു പേർക്കോ അതിലധികമോ ആളുകൾക്കു സഞ്ചരിക്കാവുന്ന വാഹനം കൊണ്ട് ഒറ്റക്കു യാത്ര ചെയ്യുന്നവർ.
• ഇങ്ങനെ ഉപജീവനത്തിനും അതിജീവനത്തിനും അത്യന്താപേക്ഷിതമല്ലാത്ത എന്തും കണ്ണും മൂക്കുമടച്ചു വാങ്ങിക്കൂട്ടി ഉപയോഗിക്കുന്ന സാധാരണക്കാരാണ് ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ശരിയായ ഉത്തരവാദികൾ.